Monday, January 02, 2012

ഐന്‍സ്റ്റൈനെ കേരള വി.സിയാക്കാന്‍ ശ്രമിച്ചു


ഐന്‍സ്റ്റൈനെ കേരള  വി.സിയാക്കാന്‍ ശ്രമിച്ചു
നിയമനങ്ങളിലെ ക്രമക്കേടില്‍പെട്ട് മുഖം നഷ്ടപ്പെട്ട കേരള യൂണിവേഴ്സിറ്റിക്ക് അഭിമാനാര്‍ഹമായ ഒരു ഗതകാലം ഉണ്ടായിരുന്നുവെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. ഇന്ത്യ ലോക ശക്തിയാവാന്‍ ശ്രമിക്കുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ കേരളത്തിലെ തിരുവിതാംകൂര്‍ സ്റ്റേറ്റ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഏറെ മുന്നോട്ടു പോയിരുന്നതായി റിപ്പോര്‍ട്ട്.
ആധുനിക ഭൗതികശാസ്ത്രത്തിന്‍െറ  പിതാവും ലോകം കണ്ട ഏറ്റവും പ്രതിഭാധനനായ ശാസ്ത്രജ്ഞരില്‍ ഒരാളുമായ  ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനെ കേരള സര്‍വകലാശാല വൈസ് ചാന്‍സലറാക്കാന്‍ അന്നത്തെ തിരുവിതാംകൂര്‍ ഭരണകൂടം ശ്രമം നടത്തിയിരുന്നു. 6000 രൂപ പ്രതിമാസ ശമ്പളത്തിന് ഐന്‍സ്റ്റൈനെ ക്ഷണിച്ചു കൊണ്ട് അന്നത്തെ തിരുവിതാംകൂര്‍ രാജാവ് ശ്രീ ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ കത്തയച്ചിരുന്നതായി പ്രമുഖ ചരിത്രകാരനായിരുന്ന എ. ശ്രീധരമേനോന്‍െറ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് ഡോ.എം.ജി.  ശശിഭൂഷന്‍ പറയുന്നു. ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ഉപദേശപ്രകാരമായിരുന്നു ചിത്തിര തിരുന്നാള്‍ രാജാവ് കത്തയച്ചിരുന്നത്.
തിരുവിതാംകൂര്‍ രാജാവിന്‍െറ ക്ഷണം നന്ദിപൂര്‍വം നിരസിച്ച് ഐന്‍സ്റ്റൈന്‍ മറുപടി കത്തയച്ചതായും ചരിത്ര പുസ്തകത്തിലുണ്ട്. താന്‍ അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ ചേരാനാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു ഐന്‍സ്റ്റൈന്‍െറ മറുപടി. 1937ല്‍ സ്ഥാപിച്ച തിരുവിതാംകൂര്‍  യൂണിവേഴ്സിറ്റിയാണ് പിന്നീട് കേരള യൂണിവേഴ്സിറ്റിയായി പുനര്‍നാമകരണം ചെയ്തത്.
ഐന്‍സ്റ്റൈനെ വി.സിയായി പരിഗണിക്കുന്നതായി അയ്യര്‍  ശ്രീ ചിത്ര സ്റ്റേറ്റ് കൗണ്‍സിലില്‍ പ്രഖ്യാപനം നടത്തിയിരുന്നതായി ശശിഭൂഷന്‍ പി.ടി.ഐയോട് പറഞ്ഞു. അതേസമയം, ഐന്‍സ്റ്റൈന് അയച്ച കത്തിന്‍െറ കോപ്പി ഇതുവരെ കണ്ടെത്താനായില്ളെന്നും അദ്ദേഹം പറഞ്ഞു.
Comment: This can be believed
-K A Solaman


No comments: