Sunday, January 26, 2014

തമോഗര്‍ത്തങ്ങളേ ഇല്ലെന്ന് സ്റ്റീഫന്‍ ഹോക്കിങ്; അമ്പരപ്പോടെ ശാസ്ത്രലോകം


ലണ്ടന്‍ : പ്രപഞ്ചത്തില്‍ തമോഗര്‍ത്തങ്ങളെ ഇല്ലെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്. ആധുനിക തമോഗര്‍ത്ത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ ഹോക്കിങിന്റെ ഈ നിഗമനം, ശാസ്ത്രലോകത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്.

അനന്തമായ ഗുരുത്വാകര്‍ഷണത്താല്‍ പ്രകാശത്തിന് പോലും പുറത്തുകടക്കാനാവാത്ത പ്രാപഞ്ചിക കെണികളായാണ് തമോഗര്‍ത്തം വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തമാണ് ഇതിന് അടിസ്ഥാനം.

ഭീമന്‍ നക്ഷത്രങ്ങള്‍ അവയുടെ അന്ത്യത്തില്‍ തമോഗര്‍ത്തങ്ങളായി മാറുന്നു എന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. തമോഗര്‍ത്തങ്ങളെ നിലനിര്‍ക്കാന്‍ സഹായിക്കുന്നത് സംഭാവ്യതാ ചക്രവാളമാണ്. ആ ചക്രവാളത്തിനുള്ളില്‍ പെടുന്ന പ്രകാശകണങ്ങള്‍ക്ക് പോലും രക്ഷപ്പെടാനാകില്ല.

എന്നാല്‍, സംഭാവ്യതാ ചക്രവാളം എന്ന സംഗതിയേ ഇല്ലെന്നാണ് ഹോക്കിങ് ഇപ്പോള്‍ പ്രസ്താവിച്ചിരിക്കുന്നത്. സംഭാവ്യതാ ചക്രവാളമില്ലെങ്കില്‍, തമോഗര്‍ത്തവുമില്ല - ഹോക്കിങ് പറയുന്നു.

'താത്ക്കാലികമായി' ദ്രവ്യത്തെയും ഊര്‍ജത്തെയും പിടിച്ചുനിര്‍ത്തുന്ന 'താത്ക്കാലിക ചക്രവാളങ്ങള്‍' മാത്രമേയുള്ളൂ. പിന്നീട് ദ്രവ്യവും ഊര്‍ജവും മോചിപ്പിക്കപ്പെടും - ഹോക്കിങ് പറയുന്നു. അതിനാല്‍, തമോഗര്‍ത്തങ്ങളല്ല; 'തവിട്ടുഗര്‍ത്തങ്ങള്‍' (ഗ്രേ ഹോള്‍സ്) ആണ് പ്രപഞ്ചത്തിലുള്ളതെന്ന് അദ്ദേഹം വാദിക്കുന്നു.

'ആര്‍ക്‌സൈവ്' എന്ന ഓണ്‍ലൈന്‍ ശേഖരത്തില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ്, ഏറെ ആകാംക്ഷയുയര്‍ത്തുന്ന പുതിയ നിഗമനം ഹോക്കിങ് മുന്നോട്ടുവെച്ചിട്ടുള്ളത്.

'ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തമനുസരിച്ച് തമോഗര്‍ത്തത്തില്‍നിന്ന് ഒന്നിനും രക്ഷപ്പെടാനാകില്ല. എന്നാല്‍, ക്വാണ്ടംസിദ്ധാന്തമനുസരിച്ച് ഊര്‍ജത്തിനും വിവരങ്ങള്‍ക്കും തമോഗര്‍ത്തത്തില്‍നിന്ന് രക്ഷപ്പെടാനാകും' - ഹോക്കിങ് ചൂണ്ടിക്കാട്ടി.

ഈ പ്രക്രിയ പൂര്‍ണമായി വിശദീകരിക്കാന്‍, ഗുരുത്വാകര്‍ഷണബലവും പ്രകൃതിയിലെ മറ്റ് മൗലികബലങ്ങളും സംയോജിപ്പിക്കുന്ന സിദ്ധാന്തം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

സൈദ്ധാന്തി ഭൗതികശാസ്ത്രജ്ഞനായ ജോസഫ് പോള്‍ചിന്‍സ്‌കിയും സംഘവും രണ്ടുവര്‍ഷംമുമ്പ് മുന്നോട്ടുവെച്ച 'ബ്ലാക്ക് ഹോള്‍ ഫയര്‍വാള്‍ പ്രശ്‌നം' പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്, സംഭാവ്യതാചക്രവാളം ഇല്ലെന്നും, അതിനാല്‍ തമോഗര്‍ത്തങ്ങളും യാഥാര്‍ഥ്യമല്ലെന്നുമുള്ള നിഗമനത്തില്‍ ഹോക്കിങ് എത്തിയത്.

ഒരു ബഹിരാകാശസഞ്ചാരി തമോഗര്‍ത്തില്‍ പ്രവേശിച്ചാല്‍ എന്തുസംഭവിക്കുമെന്ന് പരിശോധിച്ച പോള്‍ചിന്‍സ്‌കിയും സംഘവും 'ഫയര്‍വാള്‍ പ്രശ്‌ന'ത്തിലെത്തുകയായിരുന്നു.

ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തമനുസരിച്ച് സംഭാവ്യതാ ചക്രവാളത്തിലൂടെ, അതിഭീമമായ ഗുരുത്വാകര്‍ഷണബലത്താല്‍ തന്നെ കാത്തിരിക്കുന്ന ദുര്‍വിധിയറിയാതെ അയാള്‍ കടന്നുപോകണം. എന്നാല്‍, ക്വാണ്ടംസിദ്ധാന്തം അനുസരിച്ച് സംഭാവ്യതാ ചക്രവാളമെന്നത് വന്‍തോതില്‍ ഊര്‍ജമുള്ള മേഖലയാണെന്നും, അതൊരു ഊര്‍ജഭിത്തി (ഫയര്‍വാള്‍) പോലെ സഞ്ചാരിയെ എരിച്ചുകളയുമെന്നും പോള്‍ചിന്‍സ്‌കിയും സംഘവും കണ്ടു.

ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തത്തിലെ മൗലികസങ്കല്‍പ്പത്തിന് എതിരാണിത്. രണ്ടുവര്‍ഷമായി ഈ 'ഫയര്‍വാള്‍ പ്രശ്‌നം' പരിഹരിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം (കടപ്പാട് : nature.com ) 
കമെന്‍റ് : ഇപ്പോള്‍ ഉള്ളതിനെ തമോഗര്‍ത്തങ്ങളെന്ന് വിളിച്ചാല്‍ പോരേ? 
-കെ എ സോളമന്‍ 

ഹൈഡ്രജന്‍ കാറുമായി ടയോട്ട





ഹൈഡ്രജന്‍ കാറുമായി ടയോട്ട വരാനൊരുങ്ങുന്നു. ലാസ്‌വേഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് ഹൈഡ്രജന്‍കാറുകളുടെ രണ്ട് മോഡലുകള്‍ (Hydrogen fuel cell cars) ടയോട്ട പ്രദര്‍ശിപ്പിച്ചത്. 2015 ല്‍ ഹൈഡ്രജന്‍കാര്‍ നിരത്തിലിറക്കാനാകുമെന്ന് ടയോട്ടയുടെ ഓട്ടോമോട്ടീവ് ഓപ്പറേഷന്‍സ് സീനിയര്‍ വൈസ്പ്രസിഡന്റ് ബോബ് കാര്‍ട്ടര്‍ പറഞ്ഞു. കാലിഫോര്‍ണിയയിലായിരിക്കും ആദ്യത്തെ ലോഞ്ച്.



കാലിഫോര്‍ണിയയില്‍ നൂറ് ഹൈഡ്രജന്‍ഫില്ലിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയായിട്ടുണ്ട്. കാറിറങ്ങുമ്പോള്‍ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവും വേണമെന്നതുകൊണ്ടാണ് തുടക്കം അവിടെയാക്കിയത്. വടക്കേ അമേരിക്കയിലായിരുന്നു ഹൈഡ്രജന്‍ കാറിന്റെ റോഡ് ടെസ്റ്റ്. പത്തുസെക്കന്റു കൊണ്ട് അറുപതുകിലോമീറ്റര്‍ സ്പീഡ് കൈവരിക്കാന്‍ ഹൈഡ്രജന്‍കാറിനാവും. മുഴുവനായും ഇന്ധനം നിറയ്ക്കാന്‍ മൂന്നുമുതല്‍ അഞ്ചുമിനിറ്റുവരെ സമയം മതി. ഒരു തവണ ഇന്ധനം നിറച്ചാല്‍ 482.80 കിലോമീറ്റര്‍ ഓടിക്കാം. ഹൈഡ്രജന്‍കാറിന് ടയോട്ട ഇനിയും പേരിട്ടുകഴിഞ്ഞിട്ടില്ല.


Comment: ഹൈഡ്രജന്‍ കാര്‍ വരട്ടെ, എന്നിട്ടുവേണം ഒരെണ്ണം വാങ്ങാന്‍ !
-കെ എ സോളമന്‍