Monday, December 12, 2011

ന്യൂട്ടന്റെ നോട്ട്ബുക്കുകള്‍ ഓണ്‍ലൈനില്‍






വിഖ്യാത ശാസ്ത്രജ്ഞന്‍ സര്‍ ഐസക് ന്യൂട്ടന്റെ കൈയെഴുത്ത് പ്രതികളും നോട്ട്ബുക്കുകളും ഓണ്‍ലൈനില്‍ ലഭ്യമാകുന്നു. 'പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക'യുടെ ന്യൂട്ടന്റെ പക്കലുണ്ടായിരുന്ന കോപ്പി ഉള്‍പ്പടെയാണ് കേംബ്രിഡ്ജ് സര്‍വകലാശാല ഓണ്‍ലൈനിലെത്തിക്കുന്നത്.

ഇതിനകം ഏതാണ്ട് 4000 പേജുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ ഓണ്‍ലൈനിലെത്തിച്ചു കഴിഞ്ഞു. സര്‍വകലാശാലയുടെ ന്യൂട്ടണ്‍ ആര്‍ക്കൈവിലെ മൊത്തം ശേഖരത്തിന്റെ 20 ശതമാനം വരുമിത്. ന്യൂട്ടന്റെ കൈപ്പടയില്‍ എഴുതപ്പെട്ട നോട്ട്ബുക്ക് പേജുകളും ഓണ്‍ലൈനിലെത്തിയതില്‍ പെടുന്നു.

ആ കൈയെഴുത്ത് പ്രതികളില്‍ കുറെയെണ്ണം പ്രസിദ്ധീകരണ യോഗ്യമാണോ എന്നറിയാന്‍ ന്യൂട്ടന്റെ സഹപ്രവര്‍ത്തകനായിരുന്ന തോമസ് പാല്ലിറ്റിനെ ഏല്‍പ്പിച്ചിരുന്നു. അദ്ദേഹം പരിശോധിച്ച ശേഷം പ്രസിദ്ധീകരണ യോഗ്യമല്ലെന്ന് വിധിയെഴുതി 1727 ല്‍ തിരിച്ചേല്‍പ്പിച്ച പേജുകളും ഓണ്‍ലൈനിലെത്തിയിട്ടുണ്ട്. 'Not fit to be printed' എന്ന് പാല്ലിറ്റ് ചില പേജുകളില്‍ എഴുതിയിരിക്കുന്നതും ദൃശ്യമാണ്.


ഗണിതപ്രക്രിയകളില്‍ ന്യൂട്ടന്റെ മനസ് എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് ആ നോട്ട്ബുക്കുകളില്‍ നിന്ന് മനസിലാക്കാമെന്ന് കേംബ്രിഡ്ജ് ലൈബ്രറിയിലെ ഡിജിറ്റലൈസേഷന്‍ മാനേജര്‍ ഗ്രാന്റ് യങ് 'ഗാര്‍ഡിയന്‍' പത്രത്തോട് പറഞ്ഞു. അച്ചടിച്ച ടെക്സ്റ്റും ന്യൂട്ടന്‍ കുറിച്ച നോട്ടുകളും ഇടകലര്‍ന്നതാണ് അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന പ്രിന്‍സിപ്പിയയുടെ കോപ്പി.

1665 ല്‍ പ്ലേഗ്ബാധ മൂലം യൂണിവേഴ്‌സിറ്റി അടച്ചപ്പോള്‍, ഗവേഷണം തുടരാനായി ന്യൂട്ടണ്‍ ഒപ്പം കൊണ്ടുനടന്നിരുന്ന 'വേസ്റ്റ് ബുക്ക്' (Waste book) എന്നപേരിലുള്ള ബുക്കിലെ കുറിപ്പുകളും ഓണ്‍ലൈനിലെത്തിയിട്ടുണ്ട്. കാല്‍ക്കുലസ് സ്വായത്തമാക്കാന്‍ അദ്ദേഹം നടത്തിയ പ്രാരംഭ ശ്രമങ്ങളെക്കുറിച്ച് ആ പേജുകള്‍ സൂചന നല്‍കുന്നു.

ചാള്‍സ് ഡാര്‍വിന്‍, ഏണസ്റ്റ് റുഥര്‍ഫോര്‍ഡ് തുടങ്ങിയ പ്രശസ്ത ശാസ്ത്രജ്ഞരുടെ കുറിപ്പുകളും രേഖകളും ഡിജിറ്റല്‍ രൂപത്തില്‍ ഓണ്‍ലൈനിലെത്തിക്കാനും കേംബ്രിഡ്ജിന് ഉദ്ദേശമുണ്ട്. ഡാര്‍വിന്റെ പേപ്പറുകള്‍ ഇപ്പോള്‍ പ്രത്യേകമായി ഡിജിറ്റല്‍ രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് പുതിയ പദ്ധതിയിലേക്ക് ചേര്‍ക്കാനാണ് യൂണിവേഴ്‌സിറ്റിയുടെ നീക്കം.

എഡ്മണ്ട് ഹാലി, ജോണ്‍ ഫ് ളാംസ്റ്റീഡ് തുടങ്ങിയവരുടെ കൈയെഴുത്തു പ്രതികളും കുറിപ്പുകളും ഓണ്‍ലൈനില്‍ ലഭ്യമാക്കാനും യൂണിവേഴ്‌സിറ്റി ഉദ്ദേശിക്കുന്നു.

No comments: