Tuesday, December 13, 2011

'ദൈവകണം' തേടിയുള്ള പരീക്ഷണം ആരംഭിച്ചു




ജനീവ: പ്രപഞ്ചത്തില്‍ പിണ്ഡത്തിന് നിദാനമെന്ന് കരുതുന്ന 'ദൈവകണം' എന്ന ഹിഗ്ഗ്‌സ് ബോസോണുകള്‍ കണ്ടെത്താനുള്ള യാഥാര്‍ഥ പരീക്ഷണം, ജനീവയ്ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ ഇന്ന് ആരംഭിച്ചു. 7 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട് (7 TeV) ഊര്‍ജനിലയില്‍ ആദ്യ കണികാകൂട്ടിയിടി നടത്തിക്കൊണ്ടാണ് മനുഷ്യനിര്‍മിതമായ ഈ ഏറ്റവും വലിയ യന്ത്രം അതിന്റെ പ്രയാണം ആരംഭിച്ചത്. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെയാണ് റിക്കോര്‍ഡ് ഊര്‍ജനിലയിലുള്ള കണികാകൂട്ടിയിടി തുടങ്ങിയത്. രണ്ട് മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് കൂട്ടിയിടികള്‍ എല്‍.എച്ച്.സി.യിലെ വിവിധ ഡിറ്റെക്ടറുകള്‍ രേഖപ്പെടുത്തി.

ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ (എല്‍.എച്ച്.സി.) ഗവേഷണപരിപാടിയുടെ യഥാര്‍ഥ തുടക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന്, പരീക്ഷണത്തിന്റെ ചുമതല വഹിക്കുന്ന യൂറോപ്യന്‍ കണികാഗവേഷണകേന്ദ്രമായ 'സേണ്‍' വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രകാശവേഗത്തിനടുത്ത് എതില്‍ദിശയില്‍ സഞ്ചരിക്കുന്ന കണികാധാരകളെ പരസ്​പരം കൂട്ടിമുട്ടിക്കുക വഴി, പ്രപഞ്ചോത്പത്തിക്കടുത്തുള്ള അവസ്ഥ പരീക്ഷണശാലയില്‍ സൃഷ്ടിക്കുകയാണ് പരീക്ഷണത്തില്‍ ചെയ്യുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി ആയിരക്കണക്ക് ഗവേഷകര്‍ പരീക്ഷണത്തില്‍ സഹകരിക്കുന്നു.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിയിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവിലാണ് എല്‍.എച്ച്.സി. സ്ഥാപിച്ചിരിക്കുന്നത്. ഉന്നത ഊര്‍ജനിലയില്‍ കണങ്ങളെ തമ്മില്‍ കൂട്ടിയിടിപ്പിച്ച് അതില്‍നിന്ന് പുറത്തുവരുന്നത് എന്തൊക്കെയെന്ന് പഠിക്കുകയാണ് എല്‍.എച്ച്.സി.യുടെ ലക്ഷ്യം. 3.5 TeV വീതം ശക്തിയുള്ള കണികാധാരകള്‍ എല്‍.എച്ച്.സി.യില്‍ മാര്‍ച്ച് 19 ന് ആദ്യമായി ചുറ്റിത്തിരിയുകയുണ്ടായി. 3.5 TeV വീതം ശക്തിയുള്ള എതില്‍ദിശയില്‍ ചുറ്റിത്തിരിയുന്ന കണികാധാരകളെ കൂട്ടിയിടിപ്പിക്കുകയാണ് ഇന്ന് ചെയ്തത്. എന്നുവെച്ചാല്‍, 7 TeV ശക്തിയുള്ള കൂട്ടിയിടി.

ഉടന്‍ തന്നെ കണ്ടുപിടിത്തങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കരുതെന്ന് സേണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാരണം, ലക്ഷക്കണക്കിന് കണികാകൂട്ടിയിടികളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താലേ ഒരു മുന്നേറ്റം സാധ്യമാകൂ. 'അതിന് മാസങ്ങളോ വര്‍ഷങ്ങളോ നീളുന്ന ക്ഷമാപൂര്‍വമായ കാത്തിരിപ്പ് വേണ്ടിവരും'-എല്‍.എച്ച്.സി.യില്‍ സി.എം.എസ്. ഡിറ്റെക്ടറിന്റെ വക്താവ് ഗ്വിഡോ ടോണെല്ലി പറഞ്ഞു.

No comments: