Thursday, February 23, 2012

ന്യൂട്രിനോ പരീക്ഷണത്തില്‍ പിഴവുകളുടെ സൂചന


Posted on: 23 Feb 2012


ജനീവ: ശാസ്ത്രലോകത്ത് കോളിളക്കം സൃഷ്ടിച്ച ന്യൂട്രിനോ പരീക്ഷണത്തില്‍ പാകപ്പിഴകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്ന് ഗവേഷകര്‍ക്ക് സൂചന ലഭിച്ചു. പരീക്ഷണത്തിനുപയോഗിച്ച രണ്ട് ഉപകരണങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നില്ലെന്നാണ് യൂറോപ്യന്‍ ആണവോര്‍ജ ഗവേഷണ ഏജന്‍സി (സേണ്‍) യിലെ ശാസ്ത്രസംഘം കണ്ടെത്തിയത്. ന്യൂട്രിനോകള്‍ പ്രകാശ വേഗത്തെ മറികടന്നെന്ന കണ്ടെത്തലിലേക്കു നയിച്ചത് ഈ പാകപ്പിഴകളാണോ എന്നുറപ്പിക്കാന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടിവരും.

പ്രപഞ്ചോല്‍പ്പത്തിയുടെ രഹസ്യങ്ങള്‍ തേടി കണികാ പരീക്ഷണം നടത്തുന്ന സേണിലെ വേറൊരു കൂട്ടം ഗവേഷകരുടെ പരീക്ഷണമാണ് ന്യൂട്രിനോകളുടെ വേഗമളന്ന് ശാസ്ത്രലോകത്തെ ഞെട്ടിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലുള്ള 'സേണി'ല്‍ നിന്ന് 730 കിലോമീറ്റര്‍ അകലെ ഇറ്റലിയില്‍ റോമിനടുത്തുള്ള ഗ്രാന്‍ സാസോ ഗവേഷണ ശാലയിലേക്ക് പദാര്‍ഥത്തിന്റെ മൗലിക കണങ്ങളിലൊന്നായ ന്യൂട്രിനോ തൊടുത്തുവിട്ടുകൊണ്ടായിരുന്നു പരീക്ഷണം. ജനീവയില്‍ നിന്ന് റോമിലേക്കുള്ള സഞ്ചാരത്തിന് ആ കുഞ്ഞു കണങ്ങളെടുത്ത സമയം നിര്‍ണയിച്ചപ്പോഴാണ് അവ പ്രകാശത്തേക്കാള്‍ വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് കണ്ടത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ അവര്‍ ഈ വിവരം പുറത്തുവിട്ടു.

പ്രകാശത്തേക്കാള്‍ വേഗത്തിലാണ് ന്യൂട്രിനോകള്‍ സഞ്ചരിക്കുന്നതെന്നുവന്നാല്‍ ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം കാലഹരണപ്പെടും. അതിനെ പിന്തുടര്‍ന്നുണ്ടായ ആധുനിക ഭൗതിക സിദ്ധാന്തങ്ങളെല്ലാം തകിടം മറിയും. ഈ സാഹചര്യത്തിലാണ് കണ്ടുപിടിത്തം ഔപചാരികമായി പ്രഖ്യാപിക്കാതെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ഗവേഷകര്‍ മുതിര്‍ന്നത്. അതോടൊപ്പം ആദ്യ പരീക്ഷണങ്ങളില്‍ പാളിച്ചകളെന്തെങ്കിലും സംഭവിച്ചുണ്ടോ എന്നറിയാനുള്ള സൂക്ഷ്മ പരിശോധനയും തുടങ്ങി.

ന്യൂട്രിനോകളുടെ വേഗമളക്കാനുപയോഗിച്ച ജി.പി.എസ്. സംവിധാനത്തില്‍ രണ്ടു കുഴപ്പങ്ങള്‍ കണ്ടെത്തിയത് ഈ അന്വേഷണത്തിലാണ്. സമയനിര്‍ണയത്തിനുപയോഗിച്ച ക്ലോക്കിന്റെ സ്പന്ദനോപകരണത്തിലാണ് ആദ്യത്തെ തകരാര്‍ കണ്ടെത്തിയത്. ന്യൂട്രിനോകളുടെ സ്ഥാനം നിര്‍ണയിക്കുന്ന ഉപകരണത്തെ സമയമളക്കുന്ന പ്രധാന ക്ലോക്കുമായി ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിലാണ് രണ്ടാമത്തെ കുഴപ്പം. സ്പന്ദനോപകരണത്തിലെ കുഴപ്പം ന്യൂട്രിനോകള്‍ സഞ്ചരിക്കാനെടുത്ത സമയം കൂട്ടിക്കാണിക്കാന്‍ വഴിവെക്കും. അങ്ങനെയാവുമ്പോള്‍ ന്യൂട്രിനോകളുടെ വേഗം യഥാര്‍ഥത്തിലുള്ളതിലും കുറച്ചാണ് കിട്ടുക. എന്നാല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിലെ കുഴപ്പം ന്യൂട്രിനോകളുടെ വേഗം കൂട്ടിക്കാണിക്കാനാണ് വഴിയൊരുക്കുക.

ന്യൂട്രിനോ പരീക്ഷണത്തിനുപയോഗിച്ച ഉപകരണങ്ങളില്‍ പരസ്പര വിരുദ്ധമായ രണ്ടു നിഗമനങ്ങളിലേക്ക് നയിക്കാവുന്ന രണ്ട് കുഴപ്പങ്ങള്‍ കണ്ടെത്തിയത് ശാസ്ത്രജ്ഞരുടെ ആശയക്കുഴപ്പം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഇതിലേതെങ്കിലുമൊന്നു പരീക്ഷണ ഫലത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്നറിയാന്‍ ഈ വര്‍ഷം പരീക്ഷണം ഇനിയും ആവര്‍ത്തിക്കും. അതിനു ശേഷമേ അന്തിമ നിഗമനത്തിലെത്താനാവൂ-സേണ്‍ അധികൃതര്‍ അറിയിച്ചു. വയറിങ്ങിലെ കുഴപ്പം മൂലമാണ് ന്യൂട്രിനോകള്‍ക്കു വേഗം കൂടിയതായി കണ്ടതെന്നുവന്നാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനായിരുന്നു ശരിയെന്ന് ഒരിക്കല്‍ക്കൂടി തെളിയും.

No comments: