Thursday, April 26, 2012

ഹൈഡ്രജന്‍ എന്‍ജിനുമായി ഐ.ഐ.ടി. പ്രൊഫസര്‍


ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും കുത്തനെ വിലകൂടുമ്പോള്‍ ഇവയ്ക്ക് പകരക്കാരനായി ഹൈഡ്രജന്‍ ഗ്യാസ് വരുന്നു. ഹൈഡ്രജന്‍ ഗ്യാസ് ഉപയോഗിച്ച് വാഹനമോടിക്കാമെന്ന ഐ.ഐ.ടി. ഡല്‍ഹി പ്രൊഫസറുടെ കണ്ടുപിടിത്തം ലോകശ്രദ്ധ നേടുന്നു. ഐ.ഐ.ടി. ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ എനര്‍ജി സ്റ്റഡീസ് പ്രൊഫസര്‍ എല്‍.എം. ദാസാണ് ഹൈഡ്രജന്‍ ഗ്യാസിനെ വാഹനഇന്ധനമാക്കി പരീക്ഷിച്ചത്. പ്രൊഫസറുടെ ഈ പദ്ധതിയെ അന്താരാഷ്ട്ര കണ്‍സോര്‍ഷ്യം ഏറ്റെടുത്തുകഴിഞ്ഞു. മാത്രവുമല്ല, അതിന് ഐക്യരാഷ്ട്ര സംഘടനയുടെ വ്യാവസായിക വികസന സംഘടന 2,500 കോടി രൂപ ഗ്രാന്റ് അനുവദിച്ചു.

പുനഃസൃഷ്ടിക്കാവുന്നതും അല്ലാത്തതുമായ സ്രോതസ്സുകളില്‍ നിന്ന് ഹൈഡ്രജന്‍ നിര്‍മിക്കാം. ഇത് വെള്ളത്തില്‍ നിന്നുണ്ടാക്കാം. ഇത് തിരിച്ച് വെള്ളവുമാക്കാം. പെട്രോളിയം ഉത്പന്നങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന വിഷമാലിന്യങ്ങള്‍ ഇവിടെയുണ്ടാവുന്നുമില്ല - പ്രാഫ. ദാസ് പറഞ്ഞു.

നിലവിലെ എന്‍ജിനുകള്‍ ഹൈഡ്രജന്‍ കത്തിക്കുന്ന തരത്തിലല്ല രൂപവത്കരിച്ചിരിക്കുന്നത്. എന്‍ജിനുകള്‍ക്ക് ചെറിയ അളവില്‍ ഗ്യാസ് നല്‍കുന്ന പ്രത്യേക ഇലക്‌ട്രോണിക് ഇഗ്‌നീഷ്യന്‍ സിസ്റ്റമാണ് പ്രൊഫ. ദാസ് വികസിപ്പിച്ചെടുത്തത്. ഡല്‍ഹി പ്രഗതിമൈതാനില്‍ ഇത്തരത്തിലുള്ള പതിനഞ്ച് മുച്ചക്രവാഹനങ്ങള്‍ ഓടുന്നുമുണ്ട്. എഴുപതു കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഒരു കിലോഗ്രാം ഗ്യാസ് മതി. ലോകത്തില്‍ ഹൈഡ്രജന്‍ പവര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഇതുമാത്രമാണ്.

വിദേശത്ത്, ഇന്ധന സെല്ലുകള്‍ നിര്‍മിക്കുന്നതിലാണ് ശ്രദ്ധയൂന്നുന്നത്. എന്നാല്‍, ഇന്ത്യയില്‍ ഇന്റേണല്‍ കമ്പ്രഷന്‍ എന്‍ജിനുകള്‍ സി.എന്‍.ജി.യില്‍ നിലവില്‍ തന്നെ ഉപയോഗിച്ചുകഴിഞ്ഞു. അതിനാല്‍ സി.എന്‍.ജി.യില്‍ നിന്ന് ഹൈഡ്രജനിലേക്കുള്ള മാറ്റം എളുപ്പമാണ്- പ്രൊഫസര്‍ പറഞ്ഞു. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 2012-ലെ പുരസ്‌കാരവും പ്രൊഫസര്‍ക്ക് ലഭിച്ചുകഴിഞ്ഞു. ഹൈഡ്രജന്‍ എന്‍ജിനുകളെ സംബന്ധിച്ച ഏക പ്രശ്‌നം ഇതിന് ചെലവു കൂടുതലാണെന്നതാണ്. മഹീന്ദ്ര ഇതില്‍ ഒരു പൈലറ്റ് പ്രോജക്ട് ചെയ്യുന്നുണ്ട്. ഇത് വിജയിച്ചാല്‍ നമ്മുടെ റോഡുകളില്‍ ഹൈഡ്രജന്‍ വാഹനങ്ങള്‍ കാണാം.


Comment: ഈ മേഖലയില്‍ ഗവേഷണം നടക്കുന്നതായി അറിയാം. ഹോണ്ടയും മറ്റും പരീക്ഷണടിസ്ഥാനത്തില്  ഹൈട്രജന്‍ കാറുകള്‍ ഇറക്കിയിട്ടുണ്ട് . നിര്‍മാണ ചെലവ് തന്നെ മുഖ്യ പ്രശ്നം. ലാഭകരമാവുന്ന പക്ഷം നമുക്ക് ഏറെ അഭിമാനിക്കാം. 
കെ എ സോളമന്‍

No comments: