എസ്.എസ്.എല്‍.സി.യും പ്ലസ്ടുവും കഴിഞ്ഞവര്‍ക്ക് ഉയര്‍ന്ന ജോലി സാധ്യതയുള്ള
ഒട്ടേറെ കോഴ്‌സുകള്‍ ഇന്നുണ്ട്...
കാലത്തെ അതിജീവിക്കാനുള്ള കരുത്തും ആര്‍ജവവും ഉണ്ടാവണമെങ്കില്‍ അതിനുതകുന്ന ഒരു ഉപരിപഠനരംഗം തിരഞ്ഞെടുക്കണം. പ്ലസ്ടു ഉപരിപഠനരംഗത്തെ സുപ്രധാന വഴിത്തിരിവാണ്. ആരാകാന്‍ എന്തു പഠിക്കണം എന്നു നിശ്ചയിക്കുന്ന ഘട്ടം. ഉപരിപഠനത്തിന് ഏതു കോഴ്‌സ് അല്ലെങ്കില്‍ വിഷയം തിരഞ്ഞെടുക്കണം? എവിടെ പഠിക്കണം?-തീരാത്ത ചോദ്യങ്ങള്‍, സംശയങ്ങള്‍. ഇവിടെ അടിസ്ഥാനപരമായി ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.
അഭിരുചി-ഏതു വിഷയത്തില്‍, ഏത് ജോലിയില്‍ ആണ് മകന്റെ അല്ലെങ്കില്‍ മകളുടെ താത്പര്യമെന്ന് രക്ഷിതാവ് മനസ്സിലാക്കണം. ഇഷ്ടമുള്ള വിഷയങ്ങള്‍, എളുപ്പമുള്ള വിഷയങ്ങള്‍, കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന വിഷയങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ച് കുട്ടിയുടെ താത്പര്യം നിശ്ചയിക്കാം.
സാമ്പത്തികസ്ഥിതി-പൈലറ്റാകാന്‍ മോഹമുണ്ടെങ്കിലും വീടും പുരയിടവും വിറ്റ് കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സിന് ചേരരുത്. അവര്‍ക്ക് വ്യോമസേനയില്‍ 'എയര്‍മാനായി' ചേര്‍ന്ന് ഉദ്ദിഷ്ടലക്ഷ്യം നേടാം.
കഴിവ്-ബുദ്ധിപരമായി വിഷയം ഗ്രഹിക്കാനും വിപുലീകരിക്കാനും വികസിപ്പിക്കാനും കഴിവുണ്ടോ എന്ന് വിലയിരുത്തണം. കണക്കില്‍ താത്പര്യമില്ലാത്ത ഒരാള്‍ എഞ്ചിനീയറിങ് കോഴ്‌സ് ഒരിക്കലും തിരഞ്ഞെടുക്കരുത്. എഞ്ചിനിയറിങ് ബിരുദപഠനത്തിന് ചേര്‍ന്ന് 'ഡ്രോപ്പ് ഔട്ട്' ആകുന്നവരുടെ എണ്ണം 40 ശതമാനത്തില്‍ കൂടുതല്‍ വരുമത്രെ. സ്‌പെഷ്യലൈസ്ഡ് വിഷയങ്ങളും തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇവയുടെ പ്രാധാന്യക്രമം പലപ്പോഴും തകിടം മറിയാറുണ്ട്. ഉദാ: കമ്പ്യൂട്ടര്‍ സയന്‍സ്, വിവര സാങ്കേതികവിദ്യ, ബയോടെക്‌നോളജി വിഷയങ്ങള്‍.
നോളജ് മാനേജ്‌മെന്റ് എന്നത് ഇന്ന് ഒരു സുപ്രധാന പഠനശാഖയാണ്. വിജ്ഞാനത്തെ കാച്ചിക്കുറുക്കി വില്‍ക്കാന്‍ കഴിയുന്നവനാണ് വലിയ സ്ഥാനമാനങ്ങള്‍. അതിനാല്‍ അടിസ്ഥാന വിദ്യാഭ്യാസം നേടിയശേഷം സ്‌പെഷ്യലൈസേഷനിലേക്ക് തിരിയുന്നതാകും കൂടുതല്‍ ബുദ്ധി.
പ്ലസ് ടു പഠനത്തിനുശേഷം മെഡിസിന്‍, അഗ്രിക്കള്‍ച്ചര്‍, എഞ്ചിനിയറിങ് എന്നീ പ്രൊഫഷണല്‍ ബിരുദം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ വഴിക്ക് നീങ്ങാം. അവര്‍ മെഡിക്കല്‍/എഞ്ചിനിയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ എഴുതണം. മാത്തമാറ്റിക്‌സ്, ബയോളജി, വിഷയങ്ങളടങ്ങിയ കോമ്പിനേഷനുകളാവും ഇവര്‍ പ്ലസ്ടുവിന് തിരഞ്ഞെടുത്തിട്ടുണ്ടാവുക. ശാസ്ത്രവിഷയങ്ങളില്‍ ബിരുദാനന്തരബിരുദം നേടാനും ഇത് സഹായകമാണ്.
ഹ്യുമാനിറ്റീസ് കോമ്പിനേഷനുകള്‍ എടുത്തിട്ടുള്ളവര്‍ക്ക് സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ നടത്തുന്ന കേരള ഗവണ്മെന്റ് സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ (കെ.ജി.സി.ഇ) എഞ്ചിനിയറിങ് പരീക്ഷകള്‍ക്ക് അംഗീകൃത പരിശീലനകേന്ദ്രങ്ങളില്‍ ചേര്‍ന്ന് പഠിക്കാം. ടെയ്‌ലറിങ്, എംബ്രോയ്ഡറി നീഡിലിങ് പരിശീലനങ്ങള്‍ ഇവിടെ ലഭ്യമാണ്.
കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജേണലിസം, മ്യൂസിക്, ജ്യോഗ്രഫി, ഇക്കണോമിക്‌സ്, സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ആന്ത്രോപ്പോളജി തുടങ്ങിയ വിഷയങ്ങളോടെയുള്ള സബ്ജക്ട് കോമ്പിനേഷനുകള്‍ പ്ലസ്ടുവിന് തിരഞ്ഞെടുത്ത് അതിനനുസൃതമായ മുഖ്യവിഷയങ്ങളില്‍ ബിരുദപഠനം നടത്താം.
യു.പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, വിവിധ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍, ബാങ്കുകള്‍, എല്‍.ഐ.സി. എന്നിങ്ങനെ പൊതുമേഖലകളിലും കോര്‍പ്പറേഷനുകളിലും വിവിധ ജോലികള്‍ക്കുള്ള തിരഞ്ഞെടുപ്പു പരീക്ഷകളുടെ പൊതുയോഗ്യത ബിരുദമാണ്. അതിനാല്‍ ട്രഡീഷണല്‍ വിഷയങ്ങളിലുള്ള ബിരുദപഠനത്തിന് ഇപ്പോഴും എപ്പോഴും പ്രധാന്യമുണ്ടെന്ന് അറിയുക.
പ്ലസ്ടു കോമേഴ്‌സ് ഗ്രൂപ്പിലാകട്ടെ ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് തുടങ്ങിയ സബ്ജക്ട് കോമ്പിനേഷനുകളാണുള്ളത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, കോസ്റ്റ് അക്കൗണ്ടന്റ് പരിശീലനത്തിന് ഇവര്‍ക്ക് ചേരാം.
ആരോഗ്യപരിപാലനരംഗത്ത് പെണ്‍കുട്ടികള്‍ക്ക് തൊഴില്‍ നേടാന്‍ ഉതകുന്ന കോഴ്‌സാണ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (ജെ.പി.എച്ച്). എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് ഈ കോഴ്‌സിന് ചേരാം. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് തൈക്കാട്ടും കോട്ടയത്ത് തലയോലപ്പറമ്പിലും പാലക്കാട്ട് പെരിങ്ങോട്ടുകുറിശ്ശിയിലും കാസര്‍കോട്ടും ജെപി.എച്ച്. ട്രെയിനിങ് സ്‌കൂളുകളുണ്ട്.
എസ്.എസ്.എല്‍.സി.ക്കാര്‍ക്ക് ചേരാവുന്ന മറ്റൊരു തൊഴിലധിഷ്ഠിത കോഴ്‌സാണ് സാനിറ്ററി ഇന്‍സ്‌പെക്‌ടേഴ്‌സ് ഡിപ്ലോമ. മുംബൈയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റാണ് ഒരു വര്‍ഷത്തെ ഈ കോഴ്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബാംഗ്ലൂര്‍, ബല്‍ഗാം എന്നിവിടങ്ങളിലും ഈ സ്ഥാപനത്തിന്റെ അംഗീകൃത ശാഖകളുണ്ട്.
അഭിരുചിയുള്ളവര്‍ക്ക് ലളിതകലാപരിശീലനവുമാകാം. പെയിന്റിങ്ങിലും ശില്പകലയിലും വൈദഗ്ധ്യം നേടാന്‍ ഫൈനാര്‍ട്ട്‌സ് കോളേജുകളിലും മാവേലിക്കര രവിവര്‍മ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫൈന്‍ ആര്‍ട്‌സിലും അവസരങ്ങളുണ്ട്. സംഗീതത്തിലും മറ്റും താത്പര്യമുള്ളവര്‍ക്ക് തിരുവനന്തപുരം സ്വാതിതിരുനാള്‍ കോളേജില്‍ ചേര്‍ന്ന് ഗാനഭൂഷണം പഠിക്കാം. വായ്പാട്ട്, വീണ, മൃദംഗം എന്നിവയും അഭ്യസിക്കാം.
സംഗീതവും നൃത്തവും ശാസ്ത്രീയമായി അഭ്യാസിക്കാവുന്ന സ്ഥാപനങ്ങളാണ് തൃപ്പൂണിത്തുറയിലെ ആര്‍.എല്‍.വി. മ്യൂസിക് കോളേജും പാലക്കാട്ടെ ചെമ്പൈ മെമ്മൊറിയല്‍ മ്യൂസിക് കോളേജും. ആര്‍.എല്‍.വി.യില്‍ ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, ചെണ്ട, മദ്ദളം, ചിത്രകല, ശില്പകല എന്നിവയില്‍ പരിശീലനം നല്‍കുന്നുണ്ട്. കഥകളിയിലും മോഹിനിയാട്ടത്തിലുമൊക്കെ വിദഗ്ധപരിശീലനം കലാമണ്ഡലത്തിലും ലഭ്യമാണ്.
പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് പ്ലസ്ടു വിജയികള്‍ക്കുള്ള മറ്റൊരു പാഠ്യപദ്ധതിയാണ്. നഴ്‌സറി സ്‌കൂള്‍ ടിച്ചര്‍മാരാകാന്‍ പി.പി.ടി.ടി പെണ്‍കുട്ടികള്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. പെണ്‍കുട്ടികള്‍ക്കുള്ള മറ്റൊരു മേഖലയാണ് സെക്രട്ടേറിയല്‍ പ്രാക്ടീസ്. ഇംഗ്ലീഷില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്കു നേടി എസ്.എസ്.എല്‍.സി. വിജയിച്ചവര്‍ക്ക് ഈ കോഴ്‌സിന് ചേരാം.
സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജൂനിയര്‍ സഹകരണ ഡിപ്ലോമ (ജെ.ഡി.സി) പഠനത്തിന് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. വിജയമാണ്. തിരുവനന്തപുരം, കൊട്ടാരക്കര, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ സഹകരണ പരിശീലന കോളേജുകളില്‍ ജെ.ഡി.സി. പരിശീലനത്തിന് സൗകര്യമുണ്ട്. ജില്ലാ സഹകരണ ബാങ്കുകള്‍, പ്രൈമറി സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ക്ലറിക്കല്‍ തസ്തികയ്ക്ക് ഈ യോഗ്യത പരിഗണിക്കും.
മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ, റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിപ്ലോമ, ഓഫ്താല്‍മിക് അസിസ്റ്റന്റ് ഡിപ്ലോമ തുടങ്ങിയവ പ്ലസ്ടുക്കാര്‍ക്ക് തിരുഞ്ഞെടുക്കാവുന്ന പാരാമെഡിക്കല്‍ മേഖലകളാണ്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനത്തില്‍ കുറയാത്ത പ്ലസ്ടു വിജയമാണ് ഈ കോഴ്‌സുകളില്‍ ചേരാന്‍ വേണ്ട പൊതുയോഗ്യത. ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഈ ഡിപ്ലോമക്കാര്‍ക്ക് നല്ല തൊഴിലവസരമുണ്ട്.
സ്വയം തൊഴിലിന് ഡിപ്ലോമ കോഴ്‌സ്
സ്വയംതൊഴിലിന് പര്യാപ്തമായ കോഴ്‌സാണ് ഫാര്‍മസി ഡിപ്ലോമ. മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങാന്‍ ഫാര്‍മസി ഡിപ്ലോമ വേണം. ഫിസിക് സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു പാസ്സാവയര്‍ക്ക് ഈ കോഴ്‌സിന് ചേരാം.
പെണ്‍കുട്ടികള്‍ക്ക് അനുയോജ്യമായ മറ്റൊരു മേഖലയാണ് ജനറല്‍ നഴ്‌സിങ്. പ്ലസ്ടു പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് നല്ല മാര്‍ക്ക് ലഭിച്ചിരിക്കണം. പ്രായം 17- നും 22-നും മധ്യേ. മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. ഗവ. നഴ്‌സിങ് സ്‌കൂളുകളിലും നഴ്‌സിങ് സ്‌കൂളുകളുടെ അംഗീകാരമുള്ള സ്വകാര്യ സ്ഥാപനങ്ങളിലും പരിശീലനം നേടാം.
വൈദ്യശാസ്ത്രരംഗത്ത് അനുപേക്ഷണീയമാണ് ഫിസിയോതെറാപ്പിയും ഓക്കുപ്പേഷണല്‍ തെറാപ്പിയും പ്രോസ്തറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക് എഞ്ചിനിയറിങ്ങും. ശരീരാവയവങ്ങളിലുള്ള ഒടിവും ചതവുമൊക്കെ പൂര്‍വസ്ഥിതി പ്രാപിക്കാനും സന്ധികളിലുണ്ടാവുന്ന ബലക്ഷയം ശാസ്ത്രീയമായി മസാജ് ചെയ്ത് പരിഹരിക്കാനും ഫിസിയോതെറാപ്പിക്ക് വലിയൊരു പങ്കുണ്ട്. സ്വയംതൊഴില്‍ നേടാന്‍ സഹായിക്കുന്ന ഒരു കോഴ്‌സാണിത്. വൈകല്യമുള്ളവരെ പൂര്‍വസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ ഉതകുന്നതാണ് ഓക്കുപ്പേഷണല്‍ തെറാപ്പി കോഴ്‌സ്. യന്ത്രസാമഗ്രികളുടെ സഹായത്താല്‍ കൃത്രിമ അവയവങ്ങള്‍ ഉണ്ടാക്കുന്ന സാങ്കേതിക പരിശീലനമാണ് പ്രോസ്തറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക് എഞ്ചിനിയറിങ്. ത്രിവത്സര കോഴ്‌സാണ് ഇവയെല്ലാം.
സയന്‍സ്/ഹുമാനിറ്റീസ് വിഷയങ്ങളില്‍ പ്ലസ് ടു കഴിഞ്ഞ് നിശ്ചിത മാര്‍ക്ക് നേടിയ ആര്‍ക്കും പഞ്ചവത്സരത്തില്‍ എല്‍.എല്‍.ബി. പ്രവേശനപ്പരീക്ഷയ്ക്ക് തയ്യാറെടുക്കാം. നിയമം പഠിക്കാനും പ്രായോഗികതലത്തില്‍ പ്രയോഗിക്കാനും കഴിവുള്ളവര്‍ക്ക് വന്‍ സാധ്യതകള്‍ ഉണ്ട്.
നല്ല ഡിസൈനര്‍ ആകാന്‍ താത്പര്യമുള്ളവര്‍ക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനില്‍ ചേര്‍ന്നു പഠിക്കാം. പ്രവേശന പ്പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. പ്ലസ്ടു ഫൈനല്‍ പരീക്ഷ എഴുതുന്നവര്‍ക്ക് അപേക്ഷിക്കാം. പ്രോഡക്ട് ഡിസൈന്‍, ഫര്‍ണിച്ചര്‍ ഡിസൈന്‍, സിറാമിക് ഡിസൈന്‍, ഗ്രാഫിക് ഡിസൈന്‍, അനിമേഷന്‍ ആന്‍ഡ് ഫിലിം ഡിസൈന്‍, ഫിലിം ആന്‍ഡ് വീഡിയോ കമ്യൂണിക്കേഷന്‍ ഡിസൈന്‍, ടെക്‌സ്റ്റൈയില്‍ ഡിസൈന്‍, എക്‌സിബിഷന്‍ ഡിസൈന്‍ എന്നിങ്ങനെ ഒട്ടേറെ സ്‌പെഷ്യലൈസേഷനുകള്‍ ഉണ്ട്. നാലു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സാണിത്.
അധ്യാപകജോലിക്ക് അനന്തസാധ്യതകള്‍ ആണുള്ളത്. 2015ഓടെ പത്തു ലക്ഷത്തില്‍ കൂടുതല്‍ അധ്യാപകരുടെ ഒഴിവുകള്‍ ആണ് പ്രതീക്ഷിക്കുന്നത്. എല്‍.പി., യു.പി. തലത്തിലും ഹൈസ്‌കൂള്‍ തലത്തിലും ഹയര്‍ സെക്കന്‍ഡറി തലത്തിലും അധ്യാപകരാകാന്‍ പ്രത്യേകം കോഴ്‌സുകളുണ്ട്. ടിടിസി കഴിഞ്ഞവര്‍ക്ക് ലോവര്‍പ്രൈമറി തലത്തില്‍ അധ്യാപകരാകാം. ബിരുദം നേടിയവര്‍ക്ക് ബി.എഡ്. ബിരുദം കൂടി കരസ്ഥമാക്കി ഹൈസ്‌കൂള്‍ അധ്യാപകരാകാം. പ്ലസ്ടു അധ്യാപകരാകാന്‍ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് കൂടി പാസ്സാകണം. കോളേജ് അധ്യാപകരാകാന്‍ ബിരുദാനന്തര ബിരുദവും നെറ്റ് പരീക്ഷയും ജയിക്കണം.
പുനരധിവാസപഠനം, ഭാഷാപഠനം, പുരാവസ്തുശാസ്ത്രം, ഫാഷന്‍ ടെക്‌നോളജി, പാചകകല, ആതിഥ്യം, സാമൂഹ്യസേവനം, കായിക വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലും ഉപരിപഠനസാധ്യതകള്‍ ഉണ്ട്. സയന്‍സ്/ ഹുമാനിറ്റീസ് സ്ട്രീമില്‍ പ്ലസ് ടു നേടുന്നവര്‍ക്ക് ഇതില്‍ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം.
മിടുക്കരായ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി ചില സര്‍വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം ഒരുക്കിയിട്ടുണ്ട്. അധികവും ശാസ്ത്രസാങ്കേതികവിഷയങ്ങളിലാണ് സംയോജിത മാസ്റ്റേഴ്‌സ് ഡിഗ്രി നല്‍കുന്നത്. പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് ഉന്നത മാര്‍ക്ക് നേടുന്നവര്‍ക്ക് 5 വര്‍ഷത്തെ പഠനത്തിലൂടെ മാസ്റ്റേഴ്‌സ് ബിരുദമെടുക്കാം. അത് കഴിഞ്ഞാല്‍ എം.ഫില്‍, പിഎച്ച്.ഡി. കോഴ്‌സുകളിലേക്കും അവസരമുണ്ട്. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ ഈ കോഴ്‌സിന് ചേരാം.
എസ്.എസ്.എല്‍.സി.യും പ്ലസ് ടുവും കഴിഞ്ഞ് അടിസ്ഥാന വിദ്യാഭ്യാസ മേഖലയില്‍ ഉപരിപഠനം നടത്തുന്നതില്‍ ഒരു തെറ്റുമില്ല. സാധ്യതകള്‍ കൂടുതലുമുണ്ട്. ദേശീയതലത്തിലെ ഒട്ടുമിക്ക മത്സരപ്പരീക്ഷകളിലും ഇവര്‍ക്ക് പങ്കെടുക്കാം. എന്തു പഠിക്കണം, ഏതു പഠിക്കണം എന്നതല്ല വിഷയം. പഠിക്കുന്ന വിഷയത്തില്‍ കേമരാകുക എന്നതാണ്. എങ്കില്‍ അവസരങ്ങള്‍ അവര്‍ക്കുള്ളതാണ്.
No comments:
Post a Comment