Thursday, May 10, 2012

ഡ്രൈവറില്ലാത്ത കാര്‍ : ഗൂഗിളിന് ആദ്യ ലൈസന്‍സ്





അമേരിക്കയില്‍ നിവേഡ സംസ്ഥാനത്തെ പൊതുനിരത്തുകളില്‍ ചുവപ്പ് ലൈസന്‍സ് പ്ലേറ്റുള്ള ചില ടയോട്ട പ്രയസ് കാറുകള്‍ ഓടുന്നത് താമസിയാതെ കാണാം. മറ്റുള്ളവയില്‍നിന്ന് അവയ്ക്കുള്ള വ്യത്യാസം ആ കാറുകളില്‍ ഡ്രൈവറുണ്ടാകില്ല എന്നതാണ്- സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകളാകും അവ!

ഡ്രൈവറില്ലാതെ കാറോടിക്കാന്‍ ഗൂഗിള്‍ വികസിപ്പിച്ച സങ്കേതം പൊതുനിരത്തുകളില്‍ പരീക്ഷിക്കാന്‍ ആദ്യമായി ലൈസന്‍സ് നല്‍കിയിരിക്കുകയാണ് നിവേഡ.

സങ്കേതം പരീക്ഷിക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള ഗൂഗിളിന്റെ അപേക്ഷ അംഗീകരിച്ചതായി നിവേഡ മോട്ടര്‍ വെഹിക്കിള്‍സ് വകുപ്പ് അറിയിച്ചു. എന്നാല്‍, പരീക്ഷണവേളയില്‍ കാറിനുള്ളില്‍ രണ്ടുപേര്‍ ഉണ്ടായിരിക്കണമെന്നും അതിലൊരാള്‍ ഡ്രൈവറുടെ സീറ്റിലായിരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

'ഭാവിയുടെ കാറുകളാണ്' ഇവയെന്ന് താന്‍ വിശ്വസിക്കുന്നതായി നിവേഡ മോട്ടര്‍വെഹിക്കിള്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രൂസ് ബ്രിസ്‌ലോ പറഞ്ഞു. പരീക്ഷണഘട്ടത്തിലാണ് ഇത്തരം കാറുകളില്‍ ചുവപ്പ് ലൈസന്‍സ് പ്ലേറ്റുകള്‍ ഉപയോഗിക്കുക. പൊതുജനങ്ങള്‍ ഈ സങ്കേതം ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ, ലൈസന്‍സ് പ്ലേറ്റുകളുടെ നിറം പച്ചയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
-K A Solaman

No comments: