Thursday, October 24, 2013

'ഏറ്റവും അകലെയുള്ള' ഗാലക്‌സി കണ്ടെത്തി

    |    Oct 24, 2013

പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും അകലെയുള്ള ഗാലക്‌സി ഒരുസംഘം അന്താരാഷ്ട്രഗവേഷകര്‍ തിരിച്ചറിഞ്ഞു. ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആ ഗാലക്‌സി 1310 കോടി വര്‍ഷം പ്രായമുള്ളതാണ്.

പ്രപഞ്ചം തീരെ ചെറുപ്പമായിരുന്ന കാലത്ത് രൂപപ്പെട്ടതാണ് പുതിയതായി തിരിച്ചറിഞ്ഞ ഗാലക്‌സി. പ്രപഞ്ചത്തിന്റെ ബാഹ്യഅതിരിലാണ് അതിന്റെ സ്ഥാനം.

പ്രപഞ്ചാരംഭത്തില്‍ ഗാലക്‌സികളില്‍ എന്താണ് സംഭവിച്ചിരുന്നതെന്ന് പഠിക്കാന്‍ ശാസ്ത്രലോകത്തിന് അവസരമൊരുക്കിയിരിക്കുകയാണ് പുതിയ കണ്ടെത്തല്‍ .z8_GND_5296 എന്നാണ് ഗാലക്‌സിക്കിട്ടിരിക്കുന്ന പേര്.

ഹാവായിയില്‍ കെക്ക് 1 ടെല്‌സ്‌കോപ്പിലെ പുതിയ സ്‌പെക്ട്രോസ്‌കോപ്പ് ഉപയോഗിച്ചാണ് ഗാലക്‌സിയിലേക്കുള്ള അകലം ഗവേഷകര്‍ സ്ഥിരീകരിച്ചത്.
ചുവന്ന പൊട്ടിന്റെ രൂപത്തില്‍ കാണുന്നതാണ് പുതിയതായി തിരിച്ചറിഞ്ഞ ഗാലക്‌സി


പ്രകാശവര്‍ണരാജി നിരീക്ഷിക്കാനുപയോഗിക്കുന്ന ഉപകരണമാണ് സ്‌പെക്ട്രോസ്‌കോപ്പ്. അതുപയോഗിച്ച് പുതിയതായി തിരിച്ചറിഞ്ഞ ഗാലക്‌സിയുടെ 'ചുവപ്പുവ്യതിയാനം' ( redshift ) അളക്കുകയാണ് ഗവേഷകര്‍ ചെയ്തതെന്ന്, 'നേച്ചര്‍ ജേര്‍ണലി'ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

ഗാലക്‌സിയുടെ ചുവപ്പുവ്യതിയാനം 7.51 എന്നാണ് സ്ഥിരീകരിച്ചത്. മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം നിലവില്‍ വന്ന് വെറും 70 കോടി വര്‍ഷം കഴിഞ്ഞപ്പോള്‍ രൂപപ്പെട്ടതാണ് ഗാലക്‌സിയെന്നാണ് ഇതിനര്‍ഥം.

'മറ്റ് കണ്ടെത്തലുകളെ അപേക്ഷിച്ച്, ഈ ഗാലക്‌സിയെ അതുല്യമാക്കുന്ന ഘടകം, സ്‌പെക്ട്രോസ്‌കോപ്പ് ഉപയോഗിച്ച് അതിന്റെ അകലം സ്ഥീരീകരിക്കാന്‍ സാധിച്ചു എന്നതാണ്' - പഠനസംഘത്തില്‍ അംഗമായ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ബഹ്‌റാം മൊബാഷര്‍ ചൂണ്ടിക്കാട്ടി.
 

No comments: